ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ യുഎഇക്ക് അഞ്ചാം സ്ഥാനം

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ 2026ലെ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, യുഎഇ പാസ്‌പോർട്ട് ലോകത്തിലെ അഞ്ചാമത്തെ ശക്തമായ
 

 ദുബയ്: ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ 2026ലെ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, യുഎഇ പാസ്‌പോർട്ട് ലോകത്തിലെ അഞ്ചാമത്തെ ശക്തമായ പാസ്‌പോർട്ടായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചു സ്ഥാനങ്ങളുടെ മുന്നേറ്റമാണ് യുഎഇ ഇത്തവണ കൈവരിച്ചത്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിങ്ഡം, കാനഡ, ഐസ്‌ലാൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് യുഎഇ അഞ്ചാം സ്ഥാനത്തെത്തിയത്. ഹംഗറി, പോർച്ചുഗൽ, സ്ലോവാക്യ, സ്ലോവീനിയ എന്നീ രാജ്യങ്ങളോടൊപ്പം സംയുക്തമായാണ് യുഎഇയ്ക്ക് അഞ്ചാം റാങ്ക് ലഭിച്ചത്.

യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ വിസ ഓൺഅറൈവൽ സംവിധാനത്തിലൂടെയോ പ്രവേശിക്കാനാവും. 192 രാജ്യങ്ങളിലേക്കുള്ള വിസാരഹിത പ്രവേശനത്തോടെ സിംഗപ്പൂർ ഒന്നാം സ്ഥാനവും, ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനവും നേടി. ഡെൻമാർക്ക്, ലക്‌സംബർഗ്, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ രാജ്യമായി യുഎഇ മാറിയതും റിപോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിൽ യുഎഇ നേടിയ നയതന്ത്ര ശക്തിയും അന്താരാഷ്ട്ര ബന്ധങ്ങളിലെ പുരോഗതിയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.