ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളെ 60 ശതമാനം അമേരിക്കക്കാരും എതിര്‍ക്കുന്നു

 

27 ശതമാനം പേര്‍ മാത്രമാണ് ലക്ഷ്യങ്ങള്‍ നേടുന്നതുവരെ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടത്.

ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും ഇറാനെതിരായ സൈനിക നീക്കം ഉടന്‍ അവസാനിപ്പിക്കണം എന്ന പക്ഷക്കാരാണ്. 27 ശതമാനം പേര്‍ മാത്രമാണ് ലക്ഷ്യങ്ങള്‍ നേടുന്നതുവരെ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ടവരില്‍ 40 ശതമാനം പേരും യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. 57 ശതമാനം റിപ്പബ്ലിക്കന്‍ അനുയായികള്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യുദ്ധം തുടരണം എന്ന് വിശ്വസിക്കുന്നു.

ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളെ 60 ശതമാനം അമേരിക്കക്കാരും എതിര്‍ക്കുന്നു. 35 ശതമാനം പേര്‍ മാത്രമാണ് ഇതിനെ അനുകൂലിക്കുന്നത്. യുദ്ധം മൂലം ഇന്ധനവിലയും പണപ്പെരുപ്പവും കുത്തനെ ഉയരുന്നത് അമേരിക്കന്‍ ജനതയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4 ഡോളറിന് മുകളില്‍ എത്തിയത് ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായി. യുദ്ധം തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും ഭയപ്പെടുന്നു.