ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായി ട്രംപിന്റെ പുതിയ നീക്കം ; കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന് പ്രഖ്യാപനം
വിദേശികളായ പല ഡ്രൈവര്‍മാരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും റോഡുകളില്‍ നിരവധി ജീവനുകള്‍ പൊലിയാന്‍ ഇവര്‍ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച, കൃത്യമായ രേഖകളോ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശികളായ പല ഡ്രൈവര്‍മാരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും റോഡുകളില്‍ നിരവധി ജീവനുകള്‍ പൊലിയാന്‍ ഇവര്‍ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. ഈ നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ അമേരിക്കയിലെ ട്രക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഡ്രൈവര്‍മാരെ ഇത് ഗുരുതരമായി ബാധിക്കും. പെന്‍സില്‍വേനിയയില്‍ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവര്‍മാരെ ട്രക്ക് ഡ്രൈവിങ് മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച, കൃത്യമായ രേഖകളോ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ട്രംപ് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ ഭരണകൂടം റദ്ദാക്കിയിരുന്നു. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യ പരിശോധന നിര്‍ബന്ധമാക്കിയതും, കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള പുതിയ നിയമങ്ങളും ഈ മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇതിനകം തന്നെ തിരിച്ചടിയായിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ വലിയ ട്രക്കുകള്‍ ഓടിക്കാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് സമീപകാലത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ ഈ മേഖലയിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കപ്പെട്ടത്. മികച്ച വരുമാനം ലഭിക്കുന്നതും ഇതിനൊരു കാരണമായിരുന്നു.