'ട്രംപിനെ വധിക്കും'; ടെഹ്റാനില്‍ ഭീഷണി ബോര്‍ഡുകള്‍

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ അമേരിക്കാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തമായത്

 

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനിടെ ഇറാന്റെ പ്രകോപന നീക്കം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യ വധഭീഷണിയുമായി ഇറാന്‍. ടെഹ്റാനിലെ പ്രധാന കേന്ദ്രമായ എന്‍ഖിലാബ് ചത്വരത്തില്‍ 'ട്രംപിനെ ഞങ്ങള്‍ കൊല്ലും' എന്നെഴുതിയ കൂറ്റന്‍ ബില്‍ബോര്‍ഡ് സ്ഥാപിച്ചു. ബില്‍ബോര്‍ഡില്‍ ട്രംപിനെ തലകുനിച്ച് ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ട്രംപിനൊപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ രക്തം പുരണ്ട മുഖങ്ങളോടെയും കീറിയ വസ്ത്രങ്ങളോടെയും ചിത്രീകരിച്ച മറ്റൊരു ബില്‍ബോര്‍ഡും നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 'രക്തം ചിന്തും' എന്ന സന്ദേശങ്ങളുമായി ചുവന്ന പതാകകളേന്തി നിരവധി പേര്‍ ചത്വരത്തില്‍ ഒത്തുകൂടി.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ അമേരിക്കാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തമായത്. ഖമനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

വടക്കന്‍ ടെഹ്റാനിലെ തജ്രിഷ് ചത്വരത്തില്‍ ട്രംപിനെ പരിഹസിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ട്രംപിനെ ജയിലിലടച്ചതായി തോന്നിക്കുന്ന യഥാര്‍ഥ വലുപ്പത്തിലുള്ള ജയില്‍മുറിയുടെ മാതൃകയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.