ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താൻ സഹായിച്ചതിൽ വേദനയുണ്ട് : ടക്കർ കാൾസൺ
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താൻ സഹായിച്ചതിൽ വേദനയുണ്ടെന്ന് യുഎസ് ഇൻഫളുവൻസറും ട്രംപിന്റെ അടുത്ത അനുയായിയുമായ ടക്കർ കാൾസൺ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി കൈമെയ് മറന്ന് പ്രവർത്തിച്ച ടക്കർ കാൾസൺ ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ട്രംപിന്റെ മാഗാ കൂട്ടായ്മയുടെ മുൻനിരക്കാരിൽ ഒരാളായ കാൾസൺ പരസ്യമായി ജനങ്ങളോട് ക്ഷമചോദിച്ചത്.
ഇറാനുമായുള്ള യുദ്ധത്തിന്റെ പേരിൽ പ്രസിഡന്റ് ട്രംപുമായി കടുത്ത ഭിന്നതയിലായിരുന്നു കൺസർവേറ്റീവ് കമന്റേറ്ററായ ടക്കർ കാൾസൺ. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനൊപ്പം സജീവമായിരുന്ന ടക്കർ കാൾസൺ നിലവിലെ പ്രശ്‌നങ്ങളുടെ കാരണക്കാരിൽ ഒരാളാണ് താനെന്നും പോഡ്കാസ്റ്റിൽ പരസ്യമായി സമ്മതിച്ചു.
'എന്റെ മനസ്സ് മാറി എന്നോ അല്ലെങ്കിൽ ഇത് മോശമാണ്, അതുകൊണ്ട് ഞാൻ പിന്മാറുന്നു എന്നോ മാത്രം പറഞ്ഞാൽ മാത്രം പോരാ, ഇക്കാര്യത്തിൽ ഞാൻ വേദനിക്കുന്നുണ്ട്'-കാൾസൺ പറഞ്ഞു.