സൊമാലിയൻ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് ട്രംപ്
വാഷിങ്ടൺ: സൊമാലിയൻ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അവർ വന്നിടത്തേക്ക് തിരികെ പോകണം. അവരുടെ രാജ്യം ഒരു കാരണവശാലും നല്ലതല്ല,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘സത്യസന്ധമായി പറഞ്ഞാൽ, അവർ നമ്മുടെ രാജ്യത്ത് കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,’ ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിലും ട്രംപ് ആവർത്തിച്ചു. ‘മാലിന്യങ്ങൾ സ്വീകരിക്കുന്നത് തുടർന്നാൽ യു.എസിന് വഴിതെറ്റും,’ ട്രംപ് കൂട്ടിച്ചേർത്തു.
നിയമവിരുദ്ധ സൊമാലിയൻ കുടിയേറ്റക്കാരെ പിടികൂടി നാടുകടത്താൻ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ വകുപ്പ് മിനസോട്ട സ്റ്റേറ്റിൽ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ട്രംപിന്റെ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അവ അവഗണിക്കുന്നുവെന്നും സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ പറഞ്ഞു.
ഇമിഗ്രേഷൻ വകുപ്പിന്റെ നിർദിഷ്ട നടപടികൾ സൊമാലിയൻ വംശജരായ അമേരിക്കൻ പൗരൻമാരെ പോലും പുറത്താക്കുന്നതിലേക്ക് വഴിതെളിക്കുമെന്ന് മിനിസോട്ടയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന മിനിയപോളിസിലും സെന്റ് പോളിലുമായാണ് അമേരിക്കയിലെ സൊമാലിയൻ വംശജരിൽ ഭൂരിഭാഗവും കഴിയുന്നത്.
സൊമാലിക്കാർക്ക് നൽകുന്ന നിയമപരമായ താത്കാലിക സംരക്ഷിതപദവി റദ്ദാക്കാനാണ് ട്രംപ് സർക്കാറിന്റെ നീക്കം. യു.എസിന്റെ സാമൂഹികസുരക്ഷാ പദ്ധതികളുടെ ഗുണം വലിയതോതിൽ കൈപ്പറ്റുന്ന സൊമാലിയൻ വംശജർ അമേരിക്കക്കായി കാര്യമായൊന്നും സംഭാവനചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം.