യുദ്ധം തുടരാനാണ് താല്‍പര്യമെന്ന് ട്രംപ് ; അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഉദ്ദേശിക്കുന്നില്ലെന്ന് അരഗ്ചി

അമേരിക്ക കരയുദ്ധം ആരംഭിച്ചാല്‍ അത് നേരിടാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറയുന്നു.

 

രാജ്യത്തിന്റെ രാഷ്ട്രീയഭാവി പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാന്‍ ഇറാനിയന്‍ നയതന്ത്രജ്ഞരോട് ട്രംപ് ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിയന്‍ നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈകിപ്പോയെന്നും യുദ്ധം തുടരാനാണ് അമേരിക്ക ഇപ്പോള്‍ താല്‍പര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ അവകാശവാദം ഇറാന്‍ തള്ളി.

ഇറാന്‍ അല്‍പം വൈകിപ്പോയെന്നും യുദ്ധം ചെയ്യാനാണ് അമേരിക്ക ഇപ്പോള്‍ താല്‍പര്യപ്പെടുന്നതെന്നും ട്രംപ് പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയഭാവി പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാന്‍ ഇറാനിയന്‍ നയതന്ത്രജ്ഞരോട് ട്രംപ് ആവശ്യപ്പെട്ടു. വലിയ സാധ്യതകളുള്ള പുതിയതും മികച്ചതുമായ ഇറാനെ സൃഷ്ടിക്കാന്‍ അവരുടെ സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.

ഇറാന്റെ വ്യോമസേനയും നാവികസേനയും വ്യോമപ്രതിരോധസംവിധാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നും ട്രംപ് പറയുന്നു. മൂന്നു ദിവസത്തിനുള്ളില്‍ ഇറാന്റെ 24 കപ്പലുകള്‍ നശിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഖമനയിയുടെ മകന്‍ മോജ്തബ ഖമനയി പരമോന്നത നേതാവാകുന്നത് താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ട്രംപ് പറയുന്നു. മുന്‍ നിശ്ചയിക്കപ്പെട്ടതിലും നേരത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക കരയുദ്ധം ആരംഭിച്ചാല്‍ അത് നേരിടാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറയുന്നു. അമേരിക്കയുമായി വെടിനിര്‍ത്തലോ ചര്‍ച്ചകളോ നടത്താന്‍ ഉദ്ദേശ്യമില്ലെന്നും അരഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ ഇറാന്‍ അധിനിവേശം അമേരിക്കയ്ക്ക് ഒരു ദുരനുഭവമായി മാറുമെന്നും അരഗ്ചി പ്രതികരിച്ചു.