പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് ട്രംപ് ; ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു

ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും നൂറു ശതമാനം വിശ്വസിക്കാം.

 

എനിക്ക് പ്രധാനമന്ത്രിയെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്'- ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നുവെന്നും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ദില്ലിയില്‍ യുഎസ് എംബസി സംഘടിപ്പിച്ച അമേരിക്കയുടെ 250-ാം സ്വാതന്ത്യ ദിന ആഘോഷ പരിപാടിക്കിടെ ട്രംപ് അപ്രതീക്ഷിതമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും എസ് ജയശങ്കറിന്റെയും സാന്നിധ്യത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
'എല്ലാവര്‍ക്കും ഹലോ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രിയെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്'- ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ ഏതാവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാമെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ ഇന്ത്യയുമായി എന്നത്തേക്കാളും കൂടുതല്‍ അടുപ്പത്തിലാണ്, ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും നൂറു ശതമാനം വിശ്വസിക്കാം. എപ്പോഴെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍, ആരെയാണ് വിളിക്കേണ്ടതെന്ന് അവര്‍ക്കറിയാം (ഇന്ത്യയ്ക്ക്). അവര്‍ ഇവിടെയാണ് വിളിക്കുക. ഞങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. ഞങ്ങള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഞങ്ങള്‍ക്ക് റെക്കോര്‍ഡ് സമ്പദ്വ്യവസ്ഥയും റെക്കോര്‍ഡ് സ്റ്റോക്ക് മാര്‍ക്കറ്റും ഉണ്ട്, കൂടാതെ ഇന്ത്യയ്ക്ക് എന്ത് വേണമെങ്കിലും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞാന്‍ പ്രധാനമന്ത്രി മോദിയുടെ ഒരു വലിയ ആരാധകനാണ്'- ട്രംപ് പറഞ്ഞു.

ചടങ്ങില്‍ സംസാരിച്ച സെര്‍ജിയോ ഗോര്‍, ട്രംപും മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തെ പ്രശംസിച്ചു. ട്രംപുമായി സംസാരിക്കുന്ന ഓരോ തവണയും മോദിയെക്കുറിച്ച് അന്വേഷിക്കുമെന്ന് സെര്‍ജിയോ ഗോര്‍ പറഞ്ഞു.