റഷ്യയും ഉക്രെയ്‌നും തമ്മില്‍  'ഊര്‍ജ്ജ വെടിനിര്‍ത്തല്‍' കരാറിലെത്തിയതായി ട്രംപ് ; തനിക്ക് പുതിയ വാര്‍ത്തയെന്ന് സെലന്‍സ്‌കി

വെടിനിര്‍ത്തല്‍ ലംഘിക്കരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു

 

വെടിനിര്‍ത്തലിന്റെ സമയപരിധിയോ അത് എങ്ങനെ നടപ്പിലാക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

റഷ്യയും ഉക്രെയ്‌നും തമ്മില്‍ ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ 'ഊര്‍ജ്ജ വെടിനിര്‍ത്തല്‍' കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ ട്രംപിന്റെ ഈ പ്രഖ്യാപനം തനിക്ക് തികച്ചും പുതിയൊരു വിവരമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ഇരുവിഭാഗവും ഊര്‍ജ്ജ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്. വെടിനിര്‍ത്തല്‍ ലംഘിക്കരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന്റെ സമയപരിധിയോ അത് എങ്ങനെ നടപ്പിലാക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. സംഭവത്തില്‍ ക്രെംലിന്റെയോ വൈറ്റ് ഹൗസിന്റെയോ ഔദ്യോഗിക പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല.

ട്രംപിന്റെ പ്രഖ്യാപനം തനിക്ക് 'പുതിയ വാര്‍ത്ത'യാണെന്നാണ് സെലെന്‍സ്‌കി പ്രതികരിച്ചത്. 'എന്നാല്‍ റഷ്യക്കാര്‍ ഊര്‍ജ്ജ വെടിനിര്‍ത്തലിന് സമ്മതിക്കുകയാണെങ്കില്‍ ഉക്രെയ്‌നും സമ്മതിക്കും. ട്രംപ് പുടിനുമായി ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍ വെടിനിര്‍ത്തല്‍ എപ്പോഴാണ് ആരംഭിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുക, ഞങ്ങള്‍ തയ്യാറാണ്, അത് സ്വീകരിക്കുകയും ചെയ്യും' എന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ പ്രസിഡന്റ് മാര്‍ക്ക് കാര്‍ണി, നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെ, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സ് സ്റ്റബ്ബ് എന്നിവരുമായി ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിച്ചതായി സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു. ഉക്രെയ്ന്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുവെന്നും റഷ്യയും ഇത് പിന്തുണയ്ക്കുന്നത് പ്രധാനമാണെന്നും അമേരിക്കന്‍ ഭാഗത്തുനിന്നുള്ള വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.