കാലിഫോര്‍ണിയയിലെ 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന് ട്രംപ്; ഹര്‍ജി തള്ളി യുഎസ് സുപ്രീം കോടതി

ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്

 

ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു.

20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത 20,000 പേര്‍ അമേരിക്കന്‍ പൗരരല്ലെന്നാണ് ട്രംപിന്റെ വാദം. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര ആവശ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഡ്ജിമാര്‍ അത് തള്ളുകയായിരുന്നു. ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു.

ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ സ്വാധീനമുള്ള ഇടമാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നുണ്ടെന്ന ആരോപണത്തിലാണ് ഭരണകൂടം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 
യുഎസ് ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. എങ്കിലും ഫെഡറല്‍ ഗവണ്‍മെന്റിന് ഇതില്‍ മേല്‍നോട്ട അധികാരമുണ്ട്. വോട്ടെടുപ്പ് പ്രക്രിയയില്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെട്ട അപൂര്‍വ്വ സംഭവമായാണ് ഇതിനെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഭരണകൂടം തയ്യാറാണെന്നതിന്റെ സൂചന കൂടിയാണിത്. ഡെമോക്രാറ്റിക് അനുഭാവികള്‍ കൂടുതലായി ഉപയോഗിക്കുന്ന 'തപാല്‍ വഴിയുള്ള വോട്ടിംഗ്'  നിയന്ത്രിക്കാന്‍ ഭരണകൂടം നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും, സെപ്റ്റംബറില്‍ സുപ്രീം കോടതി ആ നീക്കം തടഞ്ഞു. കൂടാതെ, അലാസ്‌കയിലെ യുഎസ് സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണകൂടം നല്‍കിയ ഹര്‍ജി ഞായറാഴ്ച ഫെഡറല്‍ ജഡ്ജി തള്ളിക്കളഞ്ഞിരുന്നു.