നാഷണൽ സയൻസ് ബോർഡ് അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കി ട്രംപ്

ശാസ്ത്ര സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (എൻ‌എസ്‌എഫ്) മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര ബോർഡിലെ മുഴുവൻ
 

 വാഷിംഗ്ടൺ: ശാസ്ത്ര സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (എൻ‌എസ്‌എഫ്) മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര ബോർഡിലെ മുഴുവൻ അംഗങ്ങളെയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. ഏഴ് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ബോർഡിന്റെ സ്വയംഭരണാധികാരത്തെ തകർത്തെറിഞ്ഞാണ് ട്രംപിന്റെ നടപടി. അമേരിക്കയുടെ ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളിൽ സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കുന്ന വിദഗ്ധ സമിതിയെയാണ് ട്രംപ് പിരിച്ചുവിട്ടത്.

1950-ൽ സ്ഥാപിതമായ നാഷണൽ സയൻസ് ബോർഡ്, ശാസ്ത്രീയ പര്യവേക്ഷണങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകുന്ന സമിതിയാണ്. ആറുവർഷത്തെ കാലാവധിയുള്ള 25-ഓളം ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയുമാണ് ഒരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കിയത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് വഴങ്ങുന്നവരെ മാത്രം ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് ട്രംപിന്റെ നീക്കം.
ജനകീയമായ ശാസ്ത്ര ഗവേഷണങ്ങൾക്കും കാലാവസ്ഥാ പഠനങ്ങൾക്കും നൽകിവരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് മുൻ ബോർഡ് അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. ഭരണകൂടത്തിന് അപ്രിയമായ ശാസ്ത്രീയ സത്യങ്ങൾ പുറത്തുവരുന്നത് തടയാനും ശാസ്ത്രത്തെ ഭരണകൂടത്തിന്റെ പ്രചാരണായുധമാക്കാനുമാണ് ട്രംപ് ശ്രമിക്കുന്നത്.