ഹുർമുസ് വഴി എണ്ണക്കടത്ത് സുഗമമാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി ട്രംപ് 

  ലബനാനിലും ഇറാനിലും വ്യാപക ആക്രമണം തുടരുന്നതിനിടെ പശ്ചിമേഷ്യയിൽ കരുനീക്കം തകൃതിയാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാഴ്ച കഴിഞ്ഞും അടഞ്ഞുകിടക്കുന്ന ഹുർമുസ് വഴി എണ്ണക്കടത്ത് സുഗമമാക്കാൻ ട്രംപ് മറ്റു രാജ്യങ്ങളുടെ സഹായം തേടി.
 

 തെഹ്റാൻ: ലബനാനിലും ഇറാനിലും വ്യാപക ആക്രമണം തുടരുന്നതിനിടെ പശ്ചിമേഷ്യയിൽ കരുനീക്കം തകൃതിയാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാഴ്ച കഴിഞ്ഞും അടഞ്ഞുകിടക്കുന്ന ഹുർമുസ് വഴി എണ്ണക്കടത്ത് സുഗമമാക്കാൻ ട്രംപ് മറ്റു രാജ്യങ്ങളുടെ സഹായം തേടി.

ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ അടക്കം രാജ്യങ്ങൾ ഇവിടേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ സന്നദ്ധത അറിയിച്ചതായും നിലവിൽ ഇറാനുമായി കരാറിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് സംരക്ഷണത്തിനായി 2500 യു.എസ് മറീനുകളെ യു.എസ് വിന്യസിക്കുന്നുണ്ട്. യു.എസ്.എസ് ട്രിപളിയും ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇറാന്റെ 100 ശതമാനം സൈനിക ശേഷിയും ബോംബിട്ട് തകർത്തതായി ട്രംപ് അവകാശപ്പെട്ടു.

എന്നാൽ, ഇറാൻ നാവിക സേനയെ തകർത്തെന്നു പറയുന്നവർ ആദ്യം എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകുകയും പിറകെ വിദേശ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെടുകയുമാണെന്ന് ഇറാൻ റെവലൂഷനറി ഗാർഡ്സ് നാവിക മേധാവി അലി റിസ തങ്ക്സീരി പ്രതികരിച്ചു. ശത്രു രാജ്യങ്ങളുടെ ടാങ്കറുകൾ മാത്രമേ ആക്രമിക്കൂവെന്നും ഹുർമുസ് അടച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ടാങ്കറുകൾക്ക് ഇളവുണ്ടാകുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്ഹ് അലി പറഞ്ഞിരുന്നു.