ഇറാനുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
ആക്രമണത്തെ പ്രതിരോധിക്കുന്നതിനൊപ്പം നയതന്ത്ര ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന നിലപാടിലാണ് ഇറാന്‍.
യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സജീവമായി ഇടപെടുന്നുണ്ട്.
അമേരിക്കയും ഇറാനും വീണ്ടും ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ച ചര്‍ച്ചകള്‍ നടന്നേക്കും. ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം തള്ളി ഒരു ദിവസത്തിന് ശേഷമാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ആക്രമണത്തെ പ്രതിരോധിക്കുന്നതിനൊപ്പം നയതന്ത്ര ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന നിലപാടിലാണ് ഇറാന്‍.
യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സജീവമായി ഇടപെടുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്ന നിര്‍ദേശമാണ് ഇറാന്‍ യുഎസിന് മുന്നില്‍ വച്ചത്. പകരം ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം നീക്കണമെന്നും എണ്ണ കയറ്റുമതിയുടെ മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും മേഖലയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഒരു വര്‍ഷം മുമ്പ് അംഗീകരിക്കാമായിരുന്ന ഒന്നാണ് ഇറാന്‍ ഇപ്പോള്‍ മുന്നോട്ടു വെച്ചതെന്നും ട്രംപ് വിമര്‍ശിച്ചു. ഇറാന്‍ സ്വന്തം നിലയില്‍ അനാവശ്യമായ വിലപേശലിന് മുതിര്‍ന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് മുന്‍നിര്‍ത്തി വിലപേശാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ട്രംപ്.