ചുമതലയേറ്റ് അഞ്ചാം ദിവസം പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി ട്രംപ്

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് മുന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന് പകരക്കാരിയായി കാറ്റി സക്കറിയയെ ട്രംപ് പ്രഖ്യാപിച്ചത്.

 

ചുമതലയേറ്റ ശേഷം ചൊവ്വാഴ്ച അവര്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനം വലിയ പരാജയമായി മാറിയിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് അഞ്ചാം ദിവസം കാറ്റി സക്കറിയയ്ക്ക് സ്ഥാനം നഷ്ടമായി. വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കാലാവധിയാണിത്. ആദ്യ വാര്‍ത്താസമ്മേളനത്തിലെ മോശം പ്രകടനവും യോഗ്യതകളെക്കുറിച്ചുള്ള വിവാദങ്ങളും കാറ്റിയില്‍ ട്രംപിന് വിശ്വാസം നഷ്ടപ്പെട്ടതുമാണ് പെട്ടെന്നുള്ള പുറത്താക്കലിന് കാരണം. കാറ്റി സക്കറിയ വൈറ്റ് ഹൗസിലെ പദവിയില്‍ നിന്ന് മാറുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് മുന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന് പകരക്കാരിയായി കാറ്റി സക്കറിയയെ ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ചുമതലയേറ്റ ശേഷം ചൊവ്വാഴ്ച അവര്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനം വലിയ പരാജയമായി മാറിയിരുന്നു. 14 മിനിറ്റ് മാത്രം നീണ്ടുനിന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രമാണ് കാറ്റിക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞത്, പലപ്പോഴും സംസാരിക്കാനും ബുദ്ധിമുട്ടി.

കാറ്റിയുടെ യോഗ്യത സംബന്ധിച്ച് ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍ ഭരണകൂടത്തിന് നാണക്കേടായിരുന്നു. കാറ്റി ഒരു അഭിഭാഷകയാണെന്നാണ് ട്രംപ് പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ അവര്‍ ലോ സ്‌കൂള്‍ ബിരുദം നേടിയിട്ടുണ്ടെങ്കിലും യുഎസിലെ ബാര്‍ പരീക്ഷ പാസായിട്ടില്ലെന്നും വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയില്ലെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.