ഇറാനിലെ ഭാഗിക വെടിനിർത്തൽ  നീട്ടി ട്രംപ്;അഞ്ച് ദിവസത്തേക്ക് എന്നുള്ളത് 10 ദിവസമായി വർധിപ്പിച്ചു 

അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന പ്രഖ്യാപനം 10 ദിവസമായി വർധിപ്പിച്ചു. ഇറാനുമായി യുഎസ് നടത്തിയ ക്രിയാത്മക ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ടാണ് 5 ദിവസത്തെ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്.

 

ഇറാനിലെ ഭാഗിക വെടിനിർത്തൽ നീട്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന പ്രഖ്യാപനം 10 ദിവസമായി വർധിപ്പിച്ചു. ഇറാനുമായി യുഎസ് നടത്തിയ ക്രിയാത്മക ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ടാണ് 5 ദിവസത്തെ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ട്രംപ് ആവർത്തിക്കുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കടത്തും പെട്രോളിയം നീക്കവും സുഗമമായി നടക്കണമെന്നും ഇറാൻ അതു തടയുന്നത് 48 മണിക്കൂറിനുള്ളിൽ നിർത്തിവയ്ക്കണമെന്നും അന്ത്യശാസനം നൽകിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിതമായി അഞ്ച് ദിവസത്തേക്ക് ഭാഗിക വെടിനിർത്തലിനു സമാനമായ പ്രഖ്യാപനം ട്രംപ് നടത്തിയത്‌.

സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്‍റെ വാദം ആദ്യം നിരാകരിച്ച ഇറാൻ, പിന്നീട് ഇക്കാര്യം പരോക്ഷമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, നേരിട്ടുള്ള ചർച്ചകളല്ല, സന്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇറാൻ ഇപ്പോൾ പറയുന്നത്. വെടിനിർത്തലിന് ഉപാധിയായി യുഎസ് മുന്നോട്ടുവച്ച 15-ഇന നിർദേശങ്ങൾ തള്ളിയ ഇറാൻ തിരിച്ച് അഞ്ചിന ഉപാധികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.