ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾക്ക് 10 ശതമാനം പരിധി ഏർപ്പെടുത്താൻ ആഹ്വാനം ചെയ്ത് ട്രംപ്
ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾക്ക് 10 ശതമാനം പരിധി (ഇമു) ഏർപ്പെടുത്താൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026 ജനുവരി 20 മുതൽ ഒരു വർഷത്തേക്ക് ഈ നിയന്ത്രണം നടപ്പിലാക്കാനാണ് ട്രംപിന്റെ നിർദ്ദേശം. അമേരിക്കൻ ജനതയെ സാമ്പത്തികമായി സഹായിക്കാനും ഉയർന്ന പലിശ നിരക്കിൽ നിന്ന് സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ 20 മുതൽ 30 ശതമാനം വരെയും അതിനു മുകളിലുമാണ് പല കമ്പനികളും പലിശ ഈടാക്കുന്നത്. ജനങ്ങളെ 'കൊള്ളയടിക്കുന്ന' ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും, ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് ഇത്തരം ഉയർന്ന നിരക്കുകൾ വർധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണക്കാരായ അമേരിക്കക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രംപിന്റെ രണ്ടാം റ്റേം ഭരണത്തിന്റെ ഒന്നാം വാർഷികമായ 2026 ജനുവരി 20 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
അതേസമയം, നടപടി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലാഭം കുറയുന്നതോടെ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനോ, വായ്പാ സാധ്യത കുറഞ്ഞ ഉപഭോക്താക്കൾക്ക് കാർഡുകൾ നിഷേധിക്കാനോ സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് കുറയ്ക്കുമെന്നത്. എന്നാൽ, ഈ നിർദ്ദേശം എങ്ങനെ നിയമപരമായി നടപ്പിലാക്കുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. വിപണിയിൽ മത്സരം വർദ്ധിപ്പിക്കുകയോ, പുതിയ നിയമനിർമ്മാണം കൊണ്ടുവരികയോ ചെയ്യേണ്ടി വരുമെന്നാണ് സൂചന.ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, അമേരിക്കൻ വിപണിയിലെ ഇത്തരം മാറ്റങ്ങൾ പലിശ നിരക്കുകളിലും ആഗോള സാമ്പത്തിക നയങ്ങളിലും ചലനങ്ങൾ സൃഷ്ടിച്ചേക്കാം.