ഇറാന് നേരെയുള്ള ആക്രമണം റദ്ദാക്കി; ട്രംപ്
വാഷിങ്‌ടൺ: ഇറാനെതിരായ ആക്രമണ നീക്കം റദ്ദാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തർ, സൗദി അറേബ്യ, യുഎഇ നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും പ്രശ്‌ന പരിഹാരത്തിനായി കാര്യമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ പറഞ്ഞു.
ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നീക്കം മാറ്റിവച്ചതായുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നത്.
ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസ്സും സംയുക്തമായി ഇറാനുനേരെ ആക്രമണം തുടങ്ങിയത്. ഗൾഫ് മേഖലയിലെ യുഎസ്സിന്റെ സൈനിക താവളങ്ങളും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ഇറാൻ കനത്ത പ്രത്യാക്രമണവും നടത്തിയതോടെ പശ്‌ചിമേഷ്യ നേരിട്ടത് വൻ യുദ്ധസാഹചര്യമാണ്. പാകിസ്ഥാന്റെയടക്കം മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും സമാധാന കരാറിൽ എത്താനായില്ല. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായതോടെ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ദിവസങ്ങൾക്കുമുന്പ് ട്രംപ് ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിങ്‌പിങ്ങുമായുള്ള ട്രംപിന്റെ കൂടിക്കാഴ്‌ചയിൽ ഇറാൻ യുദ്ധവും ചർച്ചയായിരുന്നു.