കാനഡയ്‌ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, വാഹനങ്ങള്‍ക്കും സ്റ്റീലിനും 50 ശതമാനം നികുതി ചുമത്തും
കാനഡയ്‌ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, വാഹനങ്ങള്‍ക്കും സ്റ്റീലിനും 50 ശതമാനം നികുതി ചുമത്തും
നിര്‍മ്മാണം അമേരിക്കയിലേക്ക് മാറ്റുന്ന കമ്പനികള്‍ക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം ലഭിക്കുമെന്നും, കാനഡയെ ഇനി ഒരു പ്രത്യേക പങ്കാളിയായി കാണില്ലെന്നും ട്രംപ് വിശദമാക്കി
2027 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ താരിഫുകള്‍ നിലവില്‍ വരിക
കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട വലിയ കാറുകള്‍, ട്രക്കുകള്‍, വാഹനഭാഗങ്ങള്‍, സ്റ്റീല്‍ എന്നിവയ്ക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് നീക്കം. 2027 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ താരിഫുകള്‍ നിലവില്‍ വരിക. ഇരുരാജ്യങ്ങളും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന നിര്‍ണ്ണായക വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡ വര്‍ഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും അമേരിക്കന്‍ കര്‍ഷകര്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ അമിതമായ നികുതി ചുമത്തി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശം 60 ശതകോടി ഡോളറിന്റെ വ്യാപാര കമ്മി നിലനില്‍ക്കുന്നുണ്ടെന്നും ഇത് ഇനി അനുവദിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. നിര്‍മ്മാണം അമേരിക്കയിലേക്ക് മാറ്റുന്ന കമ്പനികള്‍ക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം ലഭിക്കുമെന്നും, കാനഡയെ ഇനി ഒരു പ്രത്യേക പങ്കാളിയായി കാണില്ലെന്നും ട്രംപ് വിശദമാക്കി
കാനഡ തങ്ങളുടെ വ്യാപാരത്തിന്റെ 95 ശതമാനവും അമേരിക്കയുമായാണ് നടത്തുന്നത്. തര്‍ക്കപരിഹാരത്തിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അന്തിമ ധാരണയിലെത്താന്‍ സാധിച്ചില്ല. കാനഡ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമായതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, തങ്ങള്‍ സാമ്പത്തികമായി ആക്രമിക്കപ്പെടുകയാണെന്നും അമേരിക്കയുമായി ഒരു വ്യാപാര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലാണ് കാനഡയെന്നും പ്രതികരിച്ചു. കാനഡയുടെ വ്യവസായങ്ങളെ സ്ഥിരമായി ദോഷകരമായി ബാധിക്കുന്ന ഒരു കരാറിനും തങ്ങള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കാര്‍ണി ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയായിരുന്നു. സെപ്റ്റംബര്‍ 8 മുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ തിരിച്ചടിയെന്നോണം കാനഡയും സമാനമായ രീതിയില്‍ ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.