ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹവര്‍ത്തിത്വവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ട്രംപ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എസ് ജയശങ്കര്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായി വ്യക്തമാക്കുന്ന സൂചനകള്‍ നല്‍കി യുഎസ്. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യയുടെ  വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് ഭരണകൂടം അധികാരമേറിയതിന് ശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായെന്നതാണ് ശ്രദ്ധേയം. ട്രംപ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എസ് ജയശങ്കര്‍ എത്തിച്ചേര്‍ന്നത്.

അയല്‍രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായോ അല്ലെങ്കില്‍ ഏതെങ്കിലും നാറ്റോ സഖ്യ രാജ്യത്തു നിന്നുള്ള പ്രതിനിധിയുമായോ ആണ് പുതിയ ഭരണകൂടം അധികാരത്തിലെത്തിയാല്‍ ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നത്. എന്നാല്‍ ഈ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്താനുള്ള മാര്‍കോ റുബിയോയുടെ തീരുമാനം ഇന്ത്യയുമായുള്ള ബന്ധത്തിന് യുഎസ് നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹവര്‍ത്തിത്വവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വത്രയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 
റുബിയോയുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും പ്രാദേശിക ആഗോള വിഷയങ്ങളില്‍ ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചതായും ഡോ ജയശങ്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് അതിഥികളായെത്തുന്ന ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തെ കുറിച്ചും ജയശങ്കര്‍ എക്സ് പോസ്റ്റിലൂടെ പങ്കുവച്ചു. ഓസ്ട്രേലിയ, ഇന്ത്യ, യുഎസ് , ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്.