'യഥാർത്ഥ സമാധാന കരാർ' വരെ സൈന്യം പിന്മാറില്ല;ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
ഇറാനുമായി ശാശ്വതമായ സമാധാന കരാറിൽ എത്തുന്നതുവരെ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈന്യം പിന്മാറില്ലെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായി ശാശ്വതമായ സമാധാന കരാറിൽ എത്തുന്നതുവരെ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈന്യം പിന്മാറില്ലെന്ന് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇറാൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകൾ ലഭിക്കാതെ സൈനിക സാന്നിധ്യം കുറയ്ക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി.
ഇസ്ലാമാബാദിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ട്രംപിൻ്റെ ഈ കടുത്ത നിലപാട്. ഇറാൻ്റെ ആണവ നിലയങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും സമീപം വിന്യസിച്ചിരിക്കുന്ന സൈനിക വിഭാഗങ്ങൾ അവിടെത്തന്നെ തുടരും. സമാധാനത്തിനുള്ള ഇറാന്റെ താൽപ്പര്യം വെറും വാക്കിലല്ല, പ്രവൃത്തിയിലാണ് തെളിയേണ്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒരു യഥാർത്ഥ കരാറിൽ എത്തുന്നതുവരെ ഞങ്ങളുടെ സൈന്യം അവിടെത്തന്നെ ഉണ്ടാകും. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കരുതെന്ന ഇറാന്റെ നിബന്ധന ട്രംപ് തള്ളിക്കളഞ്ഞു.
ഇത് ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ചർച്ചകളെ ബാധിച്ചേക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുഎസും ഇസ്രയേലും ലെബനനിൽ ആക്രമണം തുടരുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക്, അത് കരാറിൻ്റെ ഭാഗമല്ലെന്ന വിചിത്ര വാദമാണ് ട്രംപ് ഉയർത്തുന്നത്.