ലണ്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 89 പേര്‍ക്ക് പരിക്ക്

തകര്‍ന്ന റെയില്‍വേ കോച്ചുകള്‍ക്ക് സമീപം യാത്രക്കാര്‍ ട്രാക്കില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേയുടെ  രണ്ട് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.

ലണ്ടന് വടക്ക് ബെഡ്ഫോര്‍ഡില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. 89 പേര്‍ക്ക് പരിക്കേറ്റെന്നും അവരില്‍ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേയുടെ  രണ്ട് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ട്രെയിന്‍ മറ്റൊരു ട്രെയിനിന് പുറകിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. തകര്‍ന്ന റെയില്‍വേ കോച്ചുകള്‍ക്ക് സമീപം യാത്രക്കാര്‍ ട്രാക്കില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ലണ്ടന്‍ സെന്റ് പാന്‍ക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് അപകടം നടന്നതെന്ന് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ആംബുലന്‍സും ഹസാര്‍ഡസ് ഏരിയ റെസ്പോണ്‍സ് ടീമും അടക്കമുള്ള വലിയൊരു സംഘത്തെ സ്ഥലത്തേക്ക് നിയോഗിച്ചതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. ബെഡ്ഫോര്‍ഡ്ഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചു. ലൂട്ടണും ബെഡ്ഫോര്‍ഡിനും ഇടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.