സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനീകര്‍ ഉള്‍പ്പെടെ മൂന്നു മരണം ; തിരിച്ചടിക്കുമെന്ന് ട്രംപ്

സംഭവത്തില്‍ രണ്ട് സിറിയക്കാര്‍ക്കും പരിക്കേറ്റതായാണ് സിറിയയുടെ ഔദ്യോഗിക മാധ്യമം വിശദമാക്കിയിട്ടുള്ളത്. 

 

യുഎസ് പൗരന്മാരുടെ മരണത്തില്‍ സിറിയന്‍ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും അമേരിക്കന്‍ പൗരനായ ഭാഷാ സഹായിയും കൊല്ലപ്പെട്ടതായി അമേരിക്ക. മൂന്ന് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് അമേരിക്ക വിശദമാക്കുന്നത്. സംഭവത്തില്‍ രണ്ട് സിറിയക്കാര്‍ക്കും പരിക്കേറ്റതായാണ് സിറിയയുടെ ഔദ്യോഗിക മാധ്യമം വിശദമാക്കിയിട്ടുള്ളത്. 

ഐസ്‌ഐസ് ആക്രമണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദമാക്കുന്നത്. യുഎസ് പൗരന്മാരുടെ മരണത്തില്‍ സിറിയന്‍ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ യുഎസ് സൈനികര്‍ ആശുപത്രി വിട്ടതായാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രതികരിച്ചത്. കൊല്ലപ്പെട്ടവരുടെ ഉറ്റവരെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് വിശദമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇനിയും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടത്തിയ ആളുടെ വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സിറിയയുടെ മധ്യഭാഗത്തുള്ള പാല്‍മിറയിലാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്.