ആക്രമണ ഭീഷണി ; ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന് എംബസി

 

 തെഹ്റാൻ: യു.എസ് ആക്രമണ ഭീഷണി നിലനിൽക്കെ എല്ലാ ഇന്ത‍്യ പൗരൻമാരും ഇറാൻ വിടണമെന്ന് തെഹ്റാനിലെ ഇന്ത‍്യൻ എംബസി നിർദേശിച്ചു. ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൻറെ തുടർച്ചയായാണ് നിർദേശം. ഇറാനിലെ മാറികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികൾ, തീർഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർ ലഭ‍്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്ന് അറിയിച്ചു. വാണിജ്യവിമാനങ്ങൾ ഉൾപ്പെടെ നിലവിലെ ഗതാഗതസൗകര്യങ്ങൾ പൗരൻമാർ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇറാനെതിരെ യു.എസിൻറെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. എല്ലാ ഇന്ത‍്യക്കാരും അതീവജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നുമുള്ള ജനുവരിയിലെ മുന്നറിയിപ്പ് എംബസി ആവർത്തിച്ചു.

എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും പ്രാദേശികമാധ‍്യമങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടി. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ കുടിയേറ്റ രേഖകൾ പൗരന്മാർ കരുതി വെക്കണം. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ താരിഫ് യുദ്ധത്തിന് സുപ്രീകോടതി പ്രഹരമേൽപ്പിച്ചതിന് പിന്നാലെയാണ് സംഭവവികാസങ്ങൾ. യു.എസും ഇറാനും തമ്മിൽ ആണവ ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ചർച്ചയുടെ അടുത്ത ഘട്ടം വ്യാഴാഴ്ച നടക്കും.