ലണ്ടനിലെ തെംസ് നദിയിലെ ആദ്യ ഗംഗാ ആരതിയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ചിന്‍മയ മിഷന്‍ യുകെയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ചടങ്ങ് തെംസ് തീരത്ത് പരമ്പരാഗത വിളക്കാരാധന പുനഃസൃഷ്ടിച്ചു.

 

വൈകുന്നേരം 7:15-ന് ആരംഭിച്ച ആരതിയില്‍, ഇന്ത്യയിലെ പരമ്പരാഗത നദീതീര ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി തെംസ് നദിയിലേക്ക് ദീപങ്ങളോ വഴിപാടുകളോ ഒഴുക്കിവിട്ടിരുന്നില്ല.

വാരണാസിയുടെ ഘട്ടുകളോട് മാത്രം ചേര്‍ത്തുനിര്‍ത്തിയിരുന്ന ഒരു ചടങ്ങിന് ലണ്ടനിലെ തെംസ് നദിക്കര സാക്ഷ്യം വഹിച്ചു. ഗ്രീന്‍വിച്ചിലെ ഓള്‍ഡ് റോയല്‍ നേവല്‍ കോളേജില്‍ ചരിത്രത്തിലാദ്യമായി നടന്ന ഗംഗാ ആരതി പ്രാര്‍ത്ഥനകള്‍ക്കും സംഗീതത്തിനും സാംസ്‌കാരിക ആഘോഷങ്ങള്‍ക്കുമായി ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിച്ചത്. ചിന്‍മയ മിഷന്‍ യുകെയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ചടങ്ങ് തെംസ് തീരത്ത് പരമ്പരാഗത വിളക്കാരാധന പുനഃസൃഷ്ടിച്ചു. വൈകുന്നേരം 7:15-ന് ആരംഭിച്ച ആരതിയില്‍, ഇന്ത്യയിലെ പരമ്പരാഗത നദീതീര ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി തെംസ് നദിയിലേക്ക് ദീപങ്ങളോ വഴിപാടുകളോ ഒഴുക്കിവിട്ടിരുന്നില്ല.

'ടോട്ടലി തെംസ്'  ഉത്സവത്തിന്റെ ഭാഗമായിരുന്ന ഈ പരിപാടിക്ക് മുന്നോടിയായി ഉച്ചയോടെ വിവിധ കൂട്ടായ്മകളുടെ സ്റ്റാളുകളും ഭക്ഷണശാലകളും സംഗീതവും നൃത്തപരിപാടികളും നടന്നിരുന്നു. ചടങ്ങ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഘോഷവും യുകെയിലെ ഹിന്ദു, ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്ക് പരസ്പരം അടുക്കാനുള്ള ഒരു നിമിഷവുമായിരുന്നു. തെംസ് നദിക്ക് യാതൊരു ദോഷവും വരുത്താത്ത രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്.
'നദിയോടും പ്രകൃതിയോടും ജീവന് ആധാരമായ എല്ലാത്തിനോടുമുള്ള നന്ദി സൂചകമായി തലമുറകളായി ജനങ്ങള്‍ ഗംഗാതീരത്ത് ഒത്തുകൂടി ദീപം തെളിക്കാറുണ്ട്. തെംസ് നദിയിലെ ഗംഗാ ആരതിയും അതേ ആത്മാവാണ് വഹിക്കുന്നത്; നന്ദിയുടെയും പ്രതീക്ഷയുടെയും ഐക്യത്തിന്റെയും ഒരു പങ്കുവയ്ക്കല്‍ നിമിഷത്തിലേക്ക് ഇത് ആളുകളെ ഒന്നിപ്പിക്കുന്നു.' ചിന്‍മയ മിഷന്‍ യുകെയിലെ അദ്ധ്യാപികയായ ബ്രഹ്‌മചാരിണി ശ്രീപ്രിയ ചൈതന്യ പറഞ്ഞു.