'ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'; പ്രധാനമന്ത്രി മോദി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം
'ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'; പ്രധാനമന്ത്രി മോദി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ ഹ്യൂഗോ ലെനോണെ അവിടെ നിന്നും ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന മുദ്രാവാക്യവുമായി ഹ്യൂഗോ ലെനോണ്‍ (22) എന്നയാളാണ് ബഹളം വച്ചത്.
ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര വലതുപക്ഷവാദിയായ കുടിയേറ്റ വിരുദ്ധന്‍. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന മുദ്രാവാക്യവുമായി ഹ്യൂഗോ ലെനോണ്‍ (22) എന്നയാളാണ് ബഹളം വച്ചത്. പ്രധാനമന്ത്രി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ ആണ് സംഭവം. പ്രധാനമന്ത്രി ലോബിയില്‍ നില്‍ക്കുമ്പോള്‍ ഇയാള്‍ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ബഹളം വച്ചത്. കുടിയേറ്റം അവസാനിപ്പിക്കണം എന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
'ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്' എന്നാണ് ഹ്യൂഗോ ലെനോണ്‍ അലറി വിളിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ ഹ്യൂഗോ ലെനോണെ അവിടെ നിന്നും ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിഞ്ഞു എന്നതിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോട്ടലിനുള്ളില്‍ എങ്ങനെ ഇയാള്‍ക്ക് പ്രവേശനം കിട്ടിയെന്ന് അന്വേഷണം നടക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകരണത്തിലും ഇയാള്‍ ബഹളമുണ്ടാക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടിയില്‍ നുഴഞ്ഞു കയറി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം പ്രതി 'നിയോ-നാസി' സംഘടനകളുമായി അടുത്ത ബന്ധമുള്ള സമ്പന്നനാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലിയായ 'മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ'യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ഇയാള്‍.