ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി സഹകരണമില്ല ; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറാന്‍

സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി ഇറാനില്‍ പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല.

 

ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.

ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാന്‍. സംഘര്‍ഷകാലത്ത് തങ്ങളെ സഹായിക്കാത്തതിന്റെ പേരില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് ഇറാന്റെ തീരുമാനം. ഇറാന്‍ പാര്‍ലമെന്റ് നേരത്തെ തന്നെ പാസാക്കിയ തീരുമാനം ഗാര്‍ഡിയന്‍ കൗണ്‍സില്‍ കൂടി അംഗീകരിച്ചതോടെ ഐ എ ഇ എയുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കല്‍ യാഥാര്‍ത്ഥ്യമാകുമായാണ്. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.

സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി ഇറാനില്‍ പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും ഇറാന്‍ തീരുമാനിച്ചതായാണ് വിവരം. ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുമ്പാണ് ഐ എ ഇ എയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് ശുപാര്‍ശയും നല്‍കി. ഈ സാഹചര്യത്തിലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലും തീരുമാനം ശരിവച്ചത്. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ വൈകാതെ തന്നെ ഇത് നിയമമാകും.