യുഎസ് സൈന്യത്തില്‍ ഉണ്ടായ ആയുധക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി ; സംഭവത്തില്‍ അമ്പതോളം സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കി
ദീര്‍ഘദൂര മിസൈലുകള്‍, പേട്രിയറ്റ് ഇന്റര്‍സെപ്റ്ററുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങളുടെ ശേഖരത്തില്‍ വലിയ കുറവുണ്ടായതായി അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കന്‍ സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യുഎസ് അന്വേഷണ ഏജന്‍സികള്‍ നടപടി ശക്തമാക്കിയിരിക്കുന്നത്.
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് യുഎസ് സൈന്യത്തില്‍ ഉണ്ടായ ആയുധക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ അമ്പതോളം സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കി. അമേരിക്കന്‍ സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യുഎസ് അന്വേഷണ ഏജന്‍സികള്‍ നടപടി ശക്തമാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ദീര്‍ഘദൂര മിസൈലുകള്‍, പേട്രിയറ്റ് ഇന്റര്‍സെപ്റ്ററുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങളുടെ ശേഖരത്തില്‍ വലിയ കുറവുണ്ടായതായി അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ ജോയിന്റ് സ്റ്റാഫിലെ ഉദ്യോഗസ്ഥരാണെന്ന സംശയത്തെ തുടര്‍ന്നാണ് ഓഗസ്റ്റില്‍ പരിശോധനകള്‍ നടന്നത്. രഹസ്യ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയോ, ആയുധക്ഷാമത്തെക്കുറിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞത്.
ഏകദേശം 1,500 മുതല്‍ 2,000 വരെ സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥരാണ് യു.എസ് ജോയിന്റ് സ്റ്റാഫില്‍ സേവനമനുഷ്ഠിക്കുന്നത്. അതേസമയം, ആഭ്യന്തര അന്വേഷണങ്ങളിലോ ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ പ്രതികരിക്കാറില്ലെന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പര്‍നെല്‍ വ്യക്തമാക്കി. എന്നാല്‍, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോരുന്നത് രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശത്ത് സേവനം ചെയ്യുന്ന യു.എസ് സൈനികരുടെ സുരക്ഷയ്ക്ക് രഹസ്യവിവരങ്ങളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്നും പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.