വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ല ; വിശദീകരണവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

നടന്നത് അധിനിവേശമല്ലെന്നും നിയമപാലനത്തിന്റെ ഭാഗമായ നടപടി മാത്രമാണെന്നും റൂബിയോ അവകാശപ്പെട്ടു.

 

ട്രംപിന്റെ പരാമര്‍ശത്തിന് വിരുദ്ധമാണ് മാര്‍ക്കോ റൂബിയോയുടെ പുതിയ പരാമര്‍ശം.


വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. യോഗ്യതയുള്ള ഒരു നേതാവിനെ കണ്ടത്തും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് വിരുദ്ധമാണ് മാര്‍ക്കോ റൂബിയോയുടെ പുതിയ പരാമര്‍ശം. യുദ്ധം വെനസ്വേലയുമായല്ല, ലഹരിക്കടത്ത് സംഘങ്ങളുമായിട്ടാണെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.

നടന്നത് അധിനിവേശമല്ലെന്നും നിയമപാലനത്തിന്റെ ഭാഗമായ നടപടി മാത്രമാണെന്നും റൂബിയോ അവകാശപ്പെട്ടു. വെനസ്വേലയുടെ അടുത്ത നീക്കമെന്താണെന്ന് നിരീക്ഷിക്കുകയാണെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ഒരു രാജ്യത്തിന്റെയും കോളനിയാകാന്‍ വെനസ്വേല ഇല്ലെന്ന് പറഞ്ഞ ഡെല്‍സി, ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചര്‍ച്ചകള്‍ക്കില്ലെന്നും വ്യക്തമാക്കി.

എണ്ണ സമ്പന്നമായ രാജ്യത്തെ യുഎസ് താല്‍ക്കാലികമായി 'പ്രവര്‍ത്തിപ്പിക്കും' എന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ നിലവിലെ ഉപരോധങ്ങള്‍ തുടരും എന്നും അതിലൂടെ ലഹരി മാഫിയക്കെതിരെ സമ്മര്‍ദം ചെലുത്തുമെന്നുമാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് മാര്‍ക്കോ റൂബിയോ വിശദീകരിച്ചു. ഇത് മിഡില്‍ ഈസ്റ്റല്ലെന്നും ഇവിടെ ദൌത്യം വളരെ വ്യത്യസ്തമാണെന്നും റൂബുയോ പറഞ്ഞു. വെനസ്വേലയില്‍ ദീര്‍ഘകാല ഇടപെടല്‍ നടത്തുമോ അമേരിക്ക എന്ന ചോദ്യം ഉയരുന്നതിനിടെയാണ് റൂബിയോ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ നടപടികള്‍ വെനസ്വേലയിലെ ജനങ്ങളെ മികച്ച ഭാവിയിലേക്ക് നയിക്കുമെന്നും റൂബിയോ അവകാശപ്പെട്ടു