ഇറാനെതിരെ 'നിരുപാധിക കീഴടങ്ങല്‍' എന്ന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി വാദിക്കുന്നത് അവരുടെ പരാജയ സമ്മതം '; പരിഹാസവുമായി ഇറാന്‍ വിദേശകാര്യമന്ത്രി

അമേരിക്കയുടെ ഈ സ്വരമാറ്റം അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ നിരുപാധികമായി കീഴടങ്ങണമെന്ന് ആജ്ഞാപിച്ചവര്‍ ഇപ്പോള്‍ എന്തിനാണ് ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഇറാനെതിരെ 'നിരുപാധിക കീഴടങ്ങല്‍' എന്ന കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി വാദിക്കുന്നത് അവരുടെ പരാജയസമ്മതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ബുധനാഴ്ച ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് (ഐആര്‍ഐബി) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വാഷിംഗ്ടണിന്റെ നിലപാടിലെ മാറ്റത്തെ പരിഹസിച്ചത്. നേരത്തെ നിരുപാധികമായി കീഴടങ്ങണമെന്ന് ആജ്ഞാപിച്ചവര്‍ ഇപ്പോള്‍ എന്തിനാണ് ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയുടെ ഈ സ്വരമാറ്റം അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗഹൃദ രാജ്യങ്ങള്‍ വഴി അമേരിക്ക ഒന്നിലധികം സന്ദേശങ്ങള്‍ ടെഹ്റാനിലേക്ക് അയച്ചിട്ടുണ്ടെന്ന് അരാഗ്ചി വെളിപ്പെടുത്തി. എന്നാല്‍ ഇത് ഔദ്യോഗികമായ ചര്‍ച്ചകളോ സംവാദങ്ങളോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സന്ദേശങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ തങ്ങളുടെ നിലപാടുകളും മുന്നറിയിപ്പുകളും അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം ആശയവിനിമയങ്ങള്‍ സന്ദേശങ്ങളുടെ കൈമാറ്റം മാത്രമാണെന്നും ഇതിനെ ചര്‍ച്ചകളായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സന്ദേശങ്ങളിലെ ആശയങ്ങള്‍ ഇറാന്റെ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതില്‍ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെങ്കില്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള 15 ഇന കര്‍മ്മപദ്ധതി ഇറാന്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.