ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കയുടെ ഇടപെടലുകള്‍ വേണ്ട ; ട്രംപിന്റെ ഭീഷണിയ്ക്ക് പിന്നാലെ മറുപടിയുമായി ഇറാന്‍
വിലക്കയറ്റത്തെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇറാനിയന്‍ സൈന്യം കൂടുതല്‍ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ട്രംപ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ അറിയിച്ചിരുന്നു. പിന്നാലെ ട്രംപിനെതിരെ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനി രംഗത്തെത്തി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര വിഷയത്തില്‍ അമേരിക്കന്‍ ഇടപെടല്‍ മേഖലയിലുടനീളമുള്ള കുഴപ്പങ്ങള്‍ക്കും അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ നാശത്തിനും കാരണമാകുമെന്ന് ട്രംപ് അറിയണമെന്ന് അദ്ദേഹം എക്സില്‍ എഴുതി.
പ്രതിഷേധിക്കുന്ന വ്യാപാരികളുടെ നിലപാടുകളെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിലപാടുകളില്‍ നിന്ന് വേറിട്ട് പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് സാഹസികത ആരംഭിച്ചുവെന്ന് അമേരിക്കയിലെ ജനങ്ങള്‍ അറിയണം. അവര്‍ സ്വന്തം സൈനികരെ കാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിലക്കയറ്റത്തെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും വിലക്കയറ്റവും കാരണം ആറ് ദിവസം മുമ്പ് ടെഹ്റാനിലെ കടയുടമകള്‍ അടച്ചിട്ടതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. അതിനുശേഷം മറ്റ് നഗരങ്ങളിലും പണിമുടക്കുകളും പ്രകടനങ്ങളും വ്യാപിച്ചു. 2022 ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള സൈനിക നടപടിയില്‍ ഇതുവരെ ഏഴ് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.