പ്രധാനമന്ത്രി രാജിവെക്കണം'; അല്‍ബേനിയയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം, വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു

സമീപത്തെ ബാങ്കിലും തീപ്പിടിത്തമുണ്ടായി.

 

നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി. പൊലീസും വിദ്യാര്‍ഥികളും ഏറ്റമുട്ടി.

യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വന്‍ സംഘര്‍ഷം. തലസ്ഥാന ന?ഗരമായ ടിരാനയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമാസക്തരായ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു. നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി. പൊലീസും വിദ്യാര്‍ഥികളും ഏറ്റമുട്ടി. തുടര്‍ന്ന് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.


രാജ്യത്തെ വിദ്യാഭ്യാസ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും സര്‍വകലാശാലകളിലെ ശോചനീയാവസ്ഥയും സര്‍ക്കാരിന്റെ അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് അല്‍ബേനിയയില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി എഡി റമാ രാജിവെയ്ക്കണമെന്നതും വിദ്യാര്‍ഥികളുടെ ആവശ്യമാണ്. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചാണ് കറുത്ത വസ്ത്രങ്ങളണിഞ്ഞ് വിദ്യാര്‍ഥികള്‍ ടിരാനയില്‍ കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത്. പിന്നാലെ മന്ത്രാലയത്തിന് നേരേ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ റോഡില്‍ തീയിടുകയുംചെയ്തു. ഇതിനിടെയാണ് വാഹനങ്ങളും അഗ്‌നിക്കിരയായത്. വിദ്യാഭ്യാസ മന്ത്രാലയത്തിനും തീയിട്ടു. സമീപത്തെ ബാങ്കിലും തീപ്പിടിത്തമുണ്ടായി.

ചൊവ്വാഴ്ചയും വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചൊവ്വാഴ്ച രാത്രി തെരുവുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകളടക്കം വിദ്യാര്‍ഥികള്‍ തള്ളിമാറ്റി. വ്യാപാരസ്ഥാപനങ്ങളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ബുധനാഴ്ചയും സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.