യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം ഏഴായി
സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് യുഎസ് സൈന്യം അറിയിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു അമേരിക്കന്‍ സൈനികന്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല. മരിച്ച സൈനികന്റെ ബന്ധുക്കളെ വിവരം അറിയിച്ച് 24 മണിക്കൂറിന് ശേഷമേ പേരുവിവരം പുറത്തുവിടൂ എന്നാണ് അറിയിച്ചിരിക്കുന്നത്. മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്. സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് യുഎസ് സൈന്യം അറിയിക്കുന്നത്.
ഇറാനെതിരായ സൈനിക നീക്കത്തിന് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്നാണ് അമേരിക്ക പേരിട്ടത്. ഈ നീക്കം തുടങ്ങിയ ശേഷം മരിച്ച ഏഴാമത്തെ സൈനികനാണ് ഇത്. അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിന്റെ അതിര്‍ത്തികളില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിലാണ് രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്.