കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നു

2003-04 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം എട്ടിരട്ടി വര്‍ദ്ധിച്ചിരുന്നു

 

അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായതായി റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി കാനഡയിലെ മുഴുവന്‍ സമയ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായതായി റിപ്പോര്‍ട്ട്. ആഗോള യാത്രകള്‍ തടസ്സപ്പെട്ട കോവിഡ്-19 കാലഘട്ടത്തിന് സമാനമായ രീതിയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് ഡാറ്റാ ഏജന്‍സിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്.

2003-04 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം എട്ടിരട്ടി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 2024-25-ല്‍ 4% വും, 2025-2026-ല്‍ 26 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 മുതല്‍ ഏകദേശം 1,24,000 വിദ്യാര്‍ഥികളുടെ കുറവാണ് ഉണ്ടായത്. ഇതോടെ 2025-2026 കാലയളവിലെ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം ഏകദേശം 3 ലക്ഷമായി ചുരുങ്ങി. ഇത് 2021-2022 കാലഘട്ടത്തിന് സമാനമായ കണക്കാണ്.
കോളേജ് പ്രോഗ്രാമുകളെയും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെയുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ 42% ഇടിവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലാ പ്രവേശനത്തില്‍ 17% കുറവുണ്ടായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്.
2024-നെ അപേക്ഷിച്ച് 2025-ല്‍ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 1,31,010 (ഏകദേശം 25%) കുറവുണ്ടായി. ഈ ഇടിവില്‍ 72 ശതമാനവും ഇന്ത്യക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2024-ലെ 1,88,175-ല്‍ നിന്ന് 2025-ല്‍ 94,605 ആയി കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കാനഡ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നടപടികളാണ് പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിലയിരുത്തുന്നത്.