ഇസ്രയേല്‍ - ഹിസ്ബുല്ല വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

അമേരിക്കന്‍ പ്രസിഡന്റ് ജോ-ബൈഡനാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.

 

ദക്ഷിണ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേല്‍ - ഹിസ്ബുല്ല യുദ്ധത്തിന് താത്കാലിക വിരാമമിട്ട് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. പ്രാദേശിക സമയം രാവിലെ നാല് മണിക്കാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇസ്രയേല്‍ സൈന്യം ദക്ഷിണ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുല്ലയും ലെബനോനില്‍ നിന്ന് ഇസ്രയേലിന് നേരെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടങ്ങിയത്. ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ-ബൈഡനാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ഇസ്രയേലി മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയായിരുന്നു. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു.

ലെബനോനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമെന്നും, ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ ലെബനോനിലെ മുപ്പതു കിലോമീറ്റര്‍ മേഖലയില്‍ നിന്ന് ഹിസ്ബുല്ലയും പിന്മാറും എന്നിവയാണ് കരാറിലെ മുഖ്യ നിബന്ധനകള്‍. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാര്‍. അതേസമയം, കരാര്‍ ഇരുപക്ഷവും പാലിക്കുന്നു എന്നുറപ്പാക്കാന്‍ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ നിരീക്ഷണ സമിതി ഉണ്ടാക്കും. കരാറിന് ഇന്ന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് തയാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പ്രതിനിധി ലബനോനും ഇസ്രയേലും സന്ദര്‍ശിച്ചിരുന്നു.  60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍.