ഇന്ത്യയിലെ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുന്നത് ; റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച്  യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍


അമേരിക്കയിലെ ആളോഹരി ഊര്‍ജ്ജ ഉപഭോഗത്തിന്റെ പത്തിലൊന്നാണ് ഇന്ത്യയിലേതെന്നും ഇത് ഉയര്‍ത്താനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

 

റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് പ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണ് വിനയ് മോഹന്‍ ക്വാത്രയുടെ പ്രതികരണം.

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര. ഇന്ത്യയിലെ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുന്നതെന്ന് ക്വാത്ര. ഇന്ധന ദൗര്‍ലഭ്യം കാരണം നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി നടത്തുന്നുവെന്നും അംബാസഡര്‍ വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് പ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണ് വിനയ് മോഹന്‍ ക്വാത്രയുടെ പ്രതികരണം.


അമേരിക്കയിലെ ആളോഹരി ഊര്‍ജ്ജ ഉപഭോഗത്തിന്റെ പത്തിലൊന്നാണ് ഇന്ത്യയിലേതെന്നും ഇത് ഉയര്‍ത്താനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് വിനയ് മോഹന്‍ ക്വാത്ര വ്യക്തമാക്കി. അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും പ്രകൃതിവാതകത്തിന്റെ പകുതിയോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ തടസ്സമില്ലാതെ ഊര്‍ജം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പരമപ്രധാനമായ ദേശീയ ഉത്തരവാദിത്തമാണെന്ന് ക്വാത്ര ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ വിതരണ പ്രതിസന്ധിയുണ്ടായപ്പോള്‍ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ കൃത്യമായ തീരുമാനങ്ങളെടുത്തു. ഇത് ആഗോള വിപണിയില്‍ വലിയൊരു പ്രതിസന്ധി ഒഴിവാക്കാന്‍ സഹായിച്ചതായും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ നിലപാടിനോട് ചൈനയും യോജിച്ചു. റഷ്യന്‍ എണ്ണയ്ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. ചൈനയുടെ ഊര്‍ജ്ജ സാഹചര്യവും വാണിജ്യ താല്പര്യങ്ങളുമാണ് ഇറക്കുമതി നിര്‍ണ്ണയിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.