പാകിസ്ഥാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറായത് ; വെളിപ്പെടുത്തി ട്രംപ്
ഇറാന്റെ കാര്യത്തില്‍ ചൈനയുടെ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ട്രംപ് പിന്നീട് മാറ്റിപ്പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പുകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഇറാന്‍-അമേരിക്ക യുദ്ധത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തലിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. താന്‍ ഈ വെടിനിര്‍ത്തലിന് അനുകൂലമായിരുന്നില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഇതിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയും ഫീല്‍ഡ് മാര്‍ഷലിനെയും പ്രശംസിച്ച ട്രംപ്, അവരോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
ഇറാന്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു. നിര്‍ദ്ദേശത്തിന്റെ ആദ്യ വാചകം വായിച്ചപ്പോള്‍ തന്നെ അത് തള്ളിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്റെ ആണവ പദ്ധതികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പുകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അമേരിക്കന്‍ ആക്രമണത്തില്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ഇന്ധനം നീക്കം ചെയ്യാന്‍ സാങ്കേതികമായി തങ്ങള്‍ക്ക് കഴിയില്ലെന്നുമാണ് ഇറാന്‍ ചര്‍ച്ചകളില്‍ ഉന്നയിക്കുന്നതെന്ന് ട്രംപ് പരിഹസിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം ചര്‍ച്ചയായെങ്കിലും വലിയ വഴിത്തിരിവുകള്‍ ഉണ്ടായില്ല. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിനോട് അമേരിക്കയ്ക്കും ചൈനയ്ക്കും യോജിപ്പില്ല. ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കണം എന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇറാന്റെ കാര്യത്തില്‍ ചൈനയുടെ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ട്രംപ് പിന്നീട് മാറ്റിപ്പറഞ്ഞു.