കംബോഡിയയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് വ്യോമാക്രമണം നടത്തി തായ്‍ലാൻഡ്
ബാങ്കോക്: കംബോഡിയയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് വ്യോമാക്രമണം നടത്തി തായ്‍ലാൻഡ്. സൈനികവക്താവ് മേജർ ജനർ വിൻതായ് സുവറിയാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരുരാജ്യങ്ങളും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം സംബന്ധിച്ച് പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ആക്രമണത്തെ തുടർന്ന് ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് തായ്‍ലാൻഡ് അറിയിച്ചു. തായ്‍ലാൻഡ് സൈനികർക്ക് നേരെയാണ് ആദ്യം ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തായ്‍ലാൻഡ് ആക്രമണത്തിന് തിരിച്ചടി നൽകിയിട്ടില്ലെന്നും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കംബോഡിയ അറിയിച്ചു.
തായ്‍ലാൻഡ് ആക്രമണത്തെ അപലപിക്കുകയാണ്. കംബോഡിയയും തായ്‍ലാൻഡും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും മലേഷ്യൻ പ്രധാനമന്ത്രി എച്ച്.ഇ അൻവർ ഇബ്രാഹിം എന്നിവരുടെ മധ്യസ്ഥതയിൽ 2025 ഒക്ടോബർ 26ന് ഒപ്പുവെച്ച കരാറിന്റെ ലംഘനമാണിതെന്നും കംബോഡിയ ആരോപിച്ചു.
നിരവധി പുരാതന ക്ഷേത്രങ്ങളുള്ള അതിർത്തി പ്രദേശത്തിന്റെ അവകാശത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ ഏറെക്കാലമായി തർക്കം നിലവിൽ ഉണ്ട്. ചില ലോകപ്രശസ്ത പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥത ഇരു രാജ്യങ്ങളും അവകാശപ്പെടുന്നു. 817 കിലോമീറ്റർ കര അതിർത്തി ഇരു രാജ്യങ്ങളും പങ്കിടുന്നുണ്ട്.