കറാച്ചിയില്‍ പാരാമിലിട്ടറി സേനയായ 'റേഞ്ചേഴ്‌സിന്റെ' പ്രാദേശിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം ; മൂന്നു സൈനികരും മൂന്ന് ആക്രമികളും കൊല്ലപ്പെട്ടു

കറാച്ചിയിലെ ഒരു പ്രധാന റോഡിലുള്ള റേഞ്ചേഴ്‌സ് ആസ്ഥാനത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്.

 

പ്രദേശത്ത് വന്‍ തോതില്‍ വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാകിസ്താന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ പാരാമിലിട്ടറി സേനയായ 'റേഞ്ചേഴ്‌സിന്റെ' പ്രാദേശിക ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. ശക്തമായ സ്‌ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്നും, ഇതിന് പിന്നാലെ പ്രദേശത്ത് വന്‍ തോതില്‍ വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കറാച്ചിയിലെ ഒരു പ്രധാന റോഡിലുള്ള റേഞ്ചേഴ്‌സ് ആസ്ഥാനത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. പ്രമുഖ സര്‍വ്വകലാശാലകള്‍ക്കും പാകിസ്താന്‍ കാലാവസ്ഥാ വകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. 

റേഞ്ചേഴ്‌സ് ആസ്ഥാനത്തിന്റെ ഗേറ്റിലേക്ക് അക്രമികള്‍ സ്‌ഫോടനം നടത്തുകയും, തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ്, പോലീസ് കമാന്‍ഡോകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഇവര്‍ നിയന്ത്രണം ഏറ്റെടുക്കുകയും അക്രമികള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് അക്രമികള്‍ക്കും ജീവന്‍ നഷ്ടമായതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.