ടെഹ്‌റാനെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്

 

 ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, ടെഹ്‌റാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥൻ വഴി അമേരിക്കയുടെ സമാധാന നിർദ്ദേശത്തിന് ഇറാൻ മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തൻറെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയോടും ലോകത്തോടും ഒളിച്ചുകളി നടത്തുകയാണെന്നും തീരുമാനങ്ങൾ വൈകിപ്പിക്കുന്നതാണ് അവരുടെ ശൈലിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഇറാൻ ഇനി നമ്മളെ നോക്കി ചിരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ അമേരിക്കൻ ഭരണകൂടം വിശദമായി പരിശോധിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ, ഇറാന് മുന്നിൽ വളരെ വ്യക്തമായ 'ലക്ഷ്മണരേഖ' അമേരിക്ക നിശ്ചയിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് വ്യക്തമാക്കി. ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കാൻ പ്രസിഡൻറ് ട്രംപ് അനുവദിക്കില്ലെന്നും ലോക സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കാൻ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം  പറഞ്ഞു.