സാങ്കേതികതകരാർ ; റോമിൽ നിന്നും ന്യൂജേഴ്സിയിലേക്ക് പുറപ്പെട്ട യുനൈറ്റഡ് എയർലൈൻസ് വിമാനം അയർലൻഡിലേക്ക് വഴിതിരിച്ചുവിട്ടു
ഡബ്ലിൻ: സാങ്കേതികതകരാറിനെ തുടർന്ന് റോമിൽ നിന്നും ന്യൂജേഴ്സിയിലേക്ക് പുറപ്പെട്ട യുനൈറ്റഡ് എയർലൈൻസ് വിമാനം അയർലൻഡിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൻറെ എൻഞ്ചിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെതുടർന്നാണ് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് റോം ഫ്യൂമിസിനോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിൻറെ ബോയിങ് 767-400 വിമാനമാണ് യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷം വഴിതിരിച്ചുവിട്ടത്. വിമാനത്തിന്റെ വലതുവശത്തെ എൻഞ്ചിനിൽ തകരാർ സംഭവിച്ചു. പിന്നാലെ ക്യാബിനുള്ളിൽ അസ്വാഭാവികമായ ഗന്ധം അനുഭവപ്പെട്ടതായും പൈലറ്റുമാർ റിപ്പോർട്ട് ചെയ്തു.
അയർലൻഡിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടത്. വലതുവശത്തെ എൻഞ്ചിൻ വിറയ്ക്കുന്നുണ്ടെന്നും എന്നാൽ അത് പ്രവർത്തിക്കുന്നുണ്ടെന്നും പൈലറ്റ് അറിയിച്ചു. മുൻകരുതൽ നടപടിയെന്നോളമാണ് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയത്. ലാൻഡിങിനു മുമ്പ് അഗ്നിശമന സേനയെ സജ്ജമാക്കി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ നടത്തിയ പരിശോധന നടത്തി. 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് യുനൈറ്റഡ് എയർലൈൻസ് വക്താവ് വ്യക്തമാക്കി. യാത്രക്കാർക്ക് താമസസൗകര്യവും നഷ്ടപരിഹാരവും നൽകി. തുടർന്ന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
24 വർഷം പഴക്കം ഈ വിമാനത്തിനുണ്ട്. സാങ്കേതിക പരിശോധനയ്ക്കായി വിമാനം ഇപ്പോഴും ഷാനൻ വിമാനത്താവളത്തിൽ തുടരുകയാണ്. ഇത്തരം സംഭവങ്ങൾ ഷാനൻ വിമാനത്താവളത്തിൽ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയിൽ ലണ്ടനിൽ നിന്ന് ജമൈക്കയിലേക്ക് പോയ വിർജിൻ അറ്റ്ലാന്റിക് വിമാനവും എൻഞ്ചിൻ തകരാറിനെത്തുടർന്ന് സമാനമായ രീതിയിൽ ഇവിടെ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.