യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കും ; വീണ്ടും താരിഫ് ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നും ട്രംപ് പറയുന്നു.
 

 വാഷിങ്ടൻ : വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നും ട്രംപ് പറയുന്നു.

‘നമ്മളുമായുള്ള വ്യാപാരക്കരാറിൽ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന യാഥാർഥ്യത്തെത്തുടർന്ന് യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്ച മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തും. യുഎസിലെ നിർമാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിർമിക്കുന്നതെങ്കിൽ അതിന് തീരുവ ഉണ്ടാകില്ലെന്നാണ് കരാറിലുള്ളത്. ഒട്ടേറെ ഓട്ടമൊബീൽ, ട്രക്ക് നിർമാണ യൂണിറ്റുകളാണ് നിലവിൽ നിർമാണത്തിലുള്ളത്, കോടിക്കണക്കിന് ഡോളർ അതിൽ നിക്ഷേപിച്ചിട്ടുണ്ട്. കാർ, ട്രക്ക് നിർമാണ ചരിത്രത്തിലെ റെക്കോഡാണത്. അമേരിക്കൻ ജീവനക്കാരുള്ള ഈ പ്ലാന്റുകൾ ഉടൻ തുറക്കുകയും ചെയ്യും.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം, വ്യാപാര പങ്കാളികൾക്കുമേൽ അധികതീരുവ ചുമത്താൻ അടിയന്തര അധികാരം ഉപയോഗിക്കാൻ ട്രംപിനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധി നിലനിൽക്കേയാണ് യൂറോപ്യൻ യൂണിയനുമേൽ ട്രംപ് അധിക തീരുവ ചുമത്താനൊരുങ്ങുന്നത്.