സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി

തമിഴ്‌നാട്ടിലേക്ക് നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയില്‍ എത്തിയത്.

 

പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്‌യുടെ പരിപാടിയില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ  ദി ഷാര്‍ഡിന് സമീപം എത്തിയിരുന്നത്. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി.

പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അംഗം ഉച്ചഭാഷിണിയിലൂടെ പറഞ്ഞു. ഇത് ന്യായമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്ഷേ ആളുകളെല്ലാം കാത്തിരിക്കുകയായിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുക്കാനായി മണിക്കൂറുകളായി കാത്തിരുന്ന ഒരാള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ കാണുന്ന അത്ര ജനക്കൂട്ടം ഒന്നും ഇതില്‍ ഇല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്‌നാട്ടിലേക്ക് നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയില്‍ എത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ കരാറുകളില്‍ മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചതായും പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.