പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണവുമായി അഫ്ഗാനിസ്ഥാന്‍, തകര്‍ത്തത് ഐഎസ് താവളമെന്ന് താലിബാന്‍

ബലൂചിസ്ഥാനിലും പക്തൂണ്‍ഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാന്‍ സേന വിശദമാക്കുന്നത്. 

 

അഫ്ഗാനിസ്ഥാനിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകള്‍ക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാന്‍ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്.

പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാന്‍ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂണ്‍ഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാന്‍ സേന വിശദമാക്കുന്നത്. 

അഫ്ഗാനിസ്ഥാനിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകള്‍ക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാന്‍ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്. പക്തൂണ്‍ഖ്വയിലെ സരണിലുള്ള സ്‌കൂളിന് നേരെയും ആക്രമണം നടന്നു. ഇവിടം ഐഎസ് പോരാളികള്‍ ഒളിത്താവളം ആയി ഉപയോഗിച്ചെന്നാണ് താലിബാന്‍ വാദം. ആക്രമണത്തില്‍ നിരവധി ഐഎസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കില്ലെന്നാണ് താലിബാന്‍ അവകാശവാദം. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഈ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 28 സാധാരണക്കാരടക്കം 49 പേര്‍ കൊല്ലപ്പെട്ടതായാണ് യുണൈറ്റഡ് നാഷന്‍ അസിസ്റ്റന്‍സ് മിഷന്‍ വിശദമാക്കിയത്. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ സാധാരണക്കാരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പാക് സേന ഞായറാഴ്ച നടന്ന ആക്രമണത്തേക്കുറിച്ച് അവകാശപ്പെട്ടത്. പാക് ആക്രമണത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അപലപിച്ചിരുന്നു.