‘തങ്ങൾ ഒരു യുദ്ധത്തിനോ സംഘർഷത്തിനോ മുതിരില്ല, പക്ഷേ പരമാധികാരം വിട്ടുകൊടുക്കില്ല‘ : തായ്‍വാൻ പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി തായ്‌വാൻ. തങ്ങൾ ഒരു യുദ്ധത്തിനോ സംഘർഷത്തിനോ മുതിരില്ലെന്നും, എന്നാൽ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ഒരു ശക്തിക്ക് മുന്നിലും പണയം വെക്കില്ലെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെ വ്യക്തമാക്കി.
 
ട്രംപ്-ഷി ജിൻപിങ് ഉച്ചകോടിയിൽ തായ്‌വാൻ വിഷയം പ്രധാന ചർച്ചയായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ലായ് ചിങ്-ടെ ആദ്യമായി പ്രതികരിച്ചത്. തായ്‌വാൻ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും ഈ വിഷയത്തിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഷി ജിൻപിങ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, തായ്‌വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെ താൻ പിന്തുണക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

കൂടാതെ, തായ്‌വാന് കഴിഞ്ഞ ഡിസംബറിൽ ട്രംപ് ഭരണകൂടം അനുമതി നൽകിയ 1100 കോടി ഡോളറിന്റെ ആയുധക്കച്ചവടം നടപ്പാക്കണമോ എന്ന് ചൈനയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന തായ്‌വാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തായ്‌വാന് ആയുധം വിൽക്കുന്ന കാര്യത്തിൽ ചൈനയുമായി ആലോചിക്കില്ലെന്ന 1982ലെ അമേരിക്കൻ ഉറപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘1980കൾ ഒക്കെ ഒരുപാട് കാലം മുൻപല്ലേ’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.