സിറിയയിലും ലബനാനിലും ഗസ്സയിലും സൈന്യം തുടരും : ഇസ്രായേൽ
ജറൂസലം: ഗസ്സയിൽ മാത്രമല്ല, അയൽരാജ്യങ്ങളായ ലബനാൻ, സിറിയ എന്നിവിടങ്ങളിലും പിടിച്ചടക്കിയ ഭൂമികളിൽ ഇസ്രായേൽ സൈന്യം അനിശ്ചിത കാലത്തേക്ക് തുടരുമെന്ന ഭീഷണിയുമായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. കുടിയിറക്കി പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് പൂർണമായി ആളെ ഒഴിപ്പിക്കുന്നതിന് പകരം സൈനികരെ നിലനിർത്തി അവയെ സുരക്ഷിത മേഖലകളാക്കുകയാണ് ലക്ഷ്യമെന്ന് കാറ്റ്സ് പറഞ്ഞു.
വെടിനിർത്തൽ അവസാനിച്ച ശേഷം വീണ്ടും കരസേന ആക്രമണം നടത്തിയ ഗസ്സയിൽ കഴിഞ്ഞ ആഴ്ചകളിലായി നിരവധി പ്രദേശങ്ങൾ ഇസ്രായേൽ സൈന്യം പിടിച്ചടക്കിയിരുന്നു. ബന്ദി മോചനത്തിന് ഹമാസിനെ നിർബന്ധിക്കാനെന്ന പേരിലാണ് നടപടിയെങ്കിലും കൂടുതൽ സൈന്യത്തെ വിന്യസിച്ച് നിയന്ത്രണം ശക്തമാക്കുകയാണ്. ഹിസ്ബുല്ലക്കെതിരെ ആക്രമണവുമായി കഴിഞ്ഞ വർഷം ലബനാനിലെത്തിയ ഇസ്രായേൽ സേന ചില ഭാഗങ്ങളിൽനിന്ന് ഇനിയും പിൻവാങ്ങിയിട്ടില്ല. ബശ്ശാറുൽ അസദിനെ മറിച്ചിട്ട സൈനിക അട്ടിമറിക്കുടൻ തെക്കൻ സിറിയയിലേക്ക് കടന്നുകയറിയ ഇസ്രായേൽ സൈന്യം അവിടെയും അക്രമം തുടരുകയാണ്.