സിറിയയിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് സർക്കാർ
ഡമസ്കസ്: സിറിയയിൽ മതന്യൂനപക്ഷമായ ദുറൂസുകളും ഗോത്രവർഗങ്ങളായ ബിദൂനികളും തമ്മിൽ സംഘർഷം തുടരുന്ന തെക്കൻ സിറിയയിലെ സുവൈദ പട്ടണത്തിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് പ്രസിഡന്റ് അഹ്മദ് അൽ ശർഅ് ഭരണകൂടം. പട്ടണത്തിൽനിന്ന് ബിദൂനി സായുധ സംഘങ്ങളെ ഒഴിപ്പിച്ചതായും പ്രവിശ്യയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിൽ സൈന്യത്തെ വിന്യസിച്ചതായും സിറിയൻ ആഭ്യന്തര മന്ത്രാലയ വക്താവ് നൂറുദ്ദീൻ ബാബ പറഞ്ഞു. ഒരാഴ്ച മുമ്പ് ദുറൂസ് ട്രക്ക് ഡ്രൈവറെ നടുറോഡിൽ തട്ടിക്കൊണ്ടുപോയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
പ്രതികാരത്തിന്റെ ഭാഗമായി ആക്രമണങ്ങൾ തുടങ്ങിയതോടെ സുവൈദയിലെ ഗോത്രവർഗ വിഭാഗങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പോരാളി സംഘങ്ങൾ ഒഴുകിയെത്തി. നിയന്ത്രണംവിടുമെന്നായതോടെ സർക്കാർ സേനയും ഇറങ്ങി. ഒരിക്കൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആക്രമണം തുടർന്നു. ഇതിനിടെ, ദുറൂസുകളുടെ സംരക്ഷണത്തിനെന്ന പേരിൽ ഇസ്രായേൽ സിറിയൻ സൈനിക താവളം, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിൽ ബോംബിട്ടു. അടിയന്തരമായി ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ബോംബിങ് ഉണ്ടാകുമെന്നും ഭീഷണി മുഴക്കി.
1000ത്തിലേറെ പേർ പ്രദേശത്ത് ഇരുവിഭാഗങ്ങളിലായി കൊല്ലപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ ഡിസംബറിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരമേറിയ ശർഅ് സർക്കാറിന് പുതിയ ഭീഷണിയാണ് സുവൈദയിലെ ആഭ്യന്തര സംഘർഷം. പുതിയ വെടിനിർത്തൽ നിർദേശം ദുറൂസുകളും ബിദൂനികളും അംഗീകരിച്ചതായാണ് റിപ്പോർട്ട്.