ഡമാസ്‌കസിലെ ക്രിസ്ത്യന്‍ പള്ളിയിലെ ചാവേര്‍ ആക്രമണം; മരണം 22 ആയി

ആരാധനയ്ക്കിടെ ഒരാള്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സിറിയ ആരോപിച്ചു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണത്തില്‍ 22 മരണം. 63 പേര്‍ക്ക് പരുക്കേറ്റുഡമാസ്‌കസിലെ സെന്റ് ഏലിയാസ് ചര്‍ച്ചിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആരാധനയ്ക്കിടെ ഒരാള്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സിറിയ ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടില്ല. പതിമൂന്ന് വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഡിസംബറില്‍ വിമത സേന ബഷാര്‍ അല്‍-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്നും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ പറഞ്ഞു. ആഭ്യന്തര മന്ത്രി അനസ് ഖത്താബ് ആക്രമണത്തെ അപലപിച്ചു. അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അദേഹം അറിയിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഒരാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സിറിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.