ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം: ഇറാനില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യാപക യുഎസ് വ്യോമാക്രമണം

ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. 

 

ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. 

ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകള്‍ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് ലക്ഷ്യം.ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.