ഹോർമൂസ് കടലിടുക്കിന് സമീപം ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം
ഹോർമൂസ് കടലിടുക്ക് വഴി അറേബ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നതിനിടെ ഒമാനിലെ ഖസബിന് സമീപം ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ അജ്ഞാതരുടെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. ആക്രമണം നടന്നത് ഇന്ത്യൻ മഹാസമുദ്രത്തിലാണ്. കപ്പലിന്റെ പേരോ തിരിച്ചറിയൽ വിവരങ്ങളോ ആക്രമണത്തിന്റെ ഉറവിടമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ആക്രമണത്തിൽ ആളപായമോ എണ്ണ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾ നേരിടുന്ന സുരക്ഷാ ഭീഷണികൾ വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം.
ഈ സംഭവത്തിൽ അമേരിക്കൻ സേനയ്ക്ക് പങ്കുണ്ടോ എന്നതിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന കപ്പലുകളെ തടയുന്നതിനായി അമേരിക്ക നടപ്പാക്കിവരുന്ന സമുദ്ര ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ശ്രദ്ധേയമാകുന്നത്.