ഫിലിപ്പീൻസിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 25 മരണം

 

മനില: ഫിലിപ്പീൻസിൽ നാശം വിതച്ച് ടൈഫൂൺ കോ-മെയ് കൊടുക്കാറ്റ്. ഒരാഴ്ചയിലേറെയായി തുടരുന്ന മോശം കാലാവസ്ഥ രൂക്ഷമാക്കിയതിനെത്തുടർന്ന് രാജ്യത്ത് 25 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ എട്ട് പേരെ കാണാതായിട്ടുണ്ട് എന്ന വിവരവും ലഭിച്ചിരുന്നു. 

വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. വ്യാഴാഴ്ച രാത്രി പങ്കാസിനാൻ പ്രവിശ്യയിലെ അഗ്നോ പട്ടണത്തിലേക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കോ-മെയ് കൊടുങ്കാറ്റ്, മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയിരുന്നു.

കൂടാതെ കഴിഞ്ഞ വാരാന്ത്യം മുതൽ രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ വെള്ളത്തിനടിയിലാക്കിയ സീസണൽ മൺസൂൺ മഴയെ കോ-മെയ് കൂടുതൽ ശക്തിപ്പെടുത്തി. വെള്ളപ്പൊക്കം, മരങ്ങൾ കടപുഴകി വീഴൽ, മണ്ണിടിച്ചിൽ, വൈദ്യുതാഘാതം എന്നിവ കാരണം കുറഞ്ഞത് 25 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഏകദേശം 278,000 പേർക്ക് വീടുകൾ വിട്ട് അടിയന്തര ഷെൽട്ടറുകളിലോ ബന്ധുക്കളുടെ വീടുകളിലോ മാറേണ്ടി വന്നു. 3,000-ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം ഫിലിപ്പീൻസ് സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന് 250,000 ഡോളർ ധനസഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു.